കോഴിക്കോട് പെരുവണ്ണാമൂഴി വനത്തിനുള്ളിൽ കാണാതായ ഏഴ് ഉദ്യോഗസ്ഥരെയും സുരക്ഷിതരായി കണ്ടെത്തി. വനംവകുപ്പും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ കരിങ്കണ്ണി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.
ഡിജിറ്റൽ സർവേയുടെ ഭാഗമായി ഇന്നലെ രാവിലെ ഏഴ് മണിയോടെ വനത്തിനുള്ളിലേക്ക് പോയ ഉദ്യോഗസ്ഥരാണ് വനത്തിൽ അകപ്പെട്ടുപോയത്. വടകര സർവേ ഓഫീസിലെ സർവേയർമാരായ പ്രശാന്ത്, അരുൺ ഭാരത്, അഖിൽ, ഷിബിൻലാൽ എന്നിവരും പെരുവണ്ണാമൂഴി വനംവകുപ്പ് ഓഫീസിലെ മൂന്ന് വാച്ചർമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. റവന്യൂ ഭൂമിയും വനം ഭൂമിയും വേർതിരിക്കുന്നതിനുള്ള സർവേയ്ക്കായി പുഴിത്തോട് ഭാഗത്താണ് ഇവർ പോയത്.
വനത്തിനുള്ളിലെ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണമാണ് ഇവർക്ക് തിരികെ എത്താൻ കഴിയാതിരുന്നത്. ഇന്നലെ രാത്രിയായിട്ടും ഉദ്യോഗസ്ഥർ മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച തിരച്ചിലിൽ ഒൻപത് മണിയോടെ ഇവരെ കണ്ടെത്തുകയായിരുന്നു. വനത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വാച്ചർമാർ കൂടെയുണ്ടായിരുന്നത് ഉദ്യോഗസ്ഥർക്ക് തുണയായി.