തൃശ്ശൂരിലെ ചേരുംകുഴി സി.പി.ഐ.എം ബ്രാഞ്ച് ഓഫീസിന് നേരെ ബോംബാക്രമണം. ഇന്നലെ രാത്രിയാണ് ഓഫീസ് ലക്ഷ്യമാക്കി പെട്രോൾ ബോംബ് എറിഞ്ഞത്. കറന്റ് പോയ സമയം നോക്കിയായിരുന്നു ആക്രമണമെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞു. ഓഫീസിനുള്ളിലേക്ക് ചില്ലുകുപ്പിയിൽ പെട്രോൾ നിറച്ച് തീ കൊളുത്തി എറിയുകയായിരുന്നു.
ആക്രമണത്തിൽ ഓഫീസിൽ സ്ഥാപിച്ചിരുന്ന കാൾ മാർക്‌സിന്റെ ഫോട്ടോയ്ക്കും മറ്റ് ചില ഫർണിച്ചറുകൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പെട്ടെന്ന് തന്നെ തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. മേഖലയിൽ കുറച്ചു കാലമായി കഞ്ചാവ് മാഫിയയുടെയും ക്രിമിനൽ സംഘങ്ങളുടെയും ശല്യം രൂക്ഷമാണെന്നും, ഇതിനെതിരെ പാർട്ടി പ്രതികരിച്ചതാണ് ആക്രമണത്തിന് കാരണമെന്നും സി.പി.ഐ.എം മണ്ണുത്തി ഏരിയ സെക്രട്ടറി പറഞ്ഞു.
സംഭവത്തിൽ മണ്ണുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ ഉടൻ പിടികൂടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കഞ്ചാവ് മാഫിയക്കെതിരെ സി.പി.ഐ.എം ബഹുജന മാർച്ച് സംഘടിപ്പിക്കും. മണ്ണുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്താൻ ആവശ്യപ്പെട്ടത്.