എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് അതിക്രമം രാഷ്ട്രീയ വിഷയമായി ഉയർത്താൻ സിപിഎം നീക്കം. ഇതിന്റെ ഭാഗമായി മുൻ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ഇന്ന് മലയിടംതുരുത്തിൽ കടുത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
അതേസമയം, കുടിയൊഴിപ്പിക്കലിൽ ബലപ്രയോഗം പാടില്ലെന്ന കർശന നിർദ്ദേശം നിലനിൽക്കെ എന്ത് കൊണ്ട് പൊലീസ് അതിക്രമമുണ്ടായി എന്നതിനെക്കുറിച്ച് ആലുവ റൂറൽ എസ്പി ഇന്ന് എറണാകുളം റേഞ്ച് ഐജിക്ക് റിപ്പോർട്ട് നൽകും.
സുപ്രീം കോടതി നിർദ്ദേശപ്രകാരം മലയിടംതുരുത്തിലെ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തിയത്. ഇന്നലെ രാവിലെ മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. അഡ്വക്കേറ്റ് കമ്മീഷൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാനുള്ള പൊ ലീസിന്റെ ശ്രമം വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്കെതിരെയുള്ള പൊലീസ് അതിക്രമം വലിയ വാർത്തയായതോടെ ആഭ്യന്തര വകുപ്പും അടിയന്തരമായി ഇടപെട്ടു. കൊച്ചി പൊലീസിനോട് നടപടികൾ താത്കാലികമായി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിയതിനെ തുടർന്ന് നിലവിൽ പൊലീസ് പ്രദേശത്ത് നിന്നും പിന്മാറിയിട്ടുണ്ട്.