തൃശ്ശൂർ നഗരത്തിൽ ഇടഞ്ഞോടി പരിഭ്രാന്തി പരത്തിയ ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചു. കൊല്ലത്തുനിന്ന് തൃശ്ശൂരിലെ ഉത്സവത്തിന് എത്തിച്ച 'ശിവം ലക്ഷ്മി അയ്യപ്പൻ' എന്ന ആനയാണ് നഗരത്തിൽ ഭീതി പരത്തിയത്. പാപ്പന്മാരും എലിഫന്റ് സ്ക്വാഡും ചേർന്ന് ഏറെ പണിപ്പെട്ടാണ് ആനയെ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച് തളച്ചത്.
കുളിപ്പിക്കാൻ കൊണ്ടുപോയി തിരികെ വരുന്നതിനിടെ ചെമ്പൂക്കാവ് ടൗൺഹാളിന് മുന്നിൽ വെച്ചാണ് ആന പെട്ടെന്ന് ഇടഞ്ഞോടിയത്. അവിടെ നിന്നും രണ്ട് കിലോമീറ്ററോളം ദൂരം ഓടിയ ആന ചേറൂർ ഗാന്ധിനഗർ വരെ എത്തി. തുടർന്ന് ഗാന്ധിനഗർ ഹൗസിംഗ് കോളനിക്കുള്ളിലേക്ക് കടന്ന ആന അവിടുത്തെ ഇടവഴികളിലൂടെ ഓടുകയായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറോളമാണ് ആന പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ഓട്ടത്തിനിടെ വഴിയിലുണ്ടായിരുന്ന ഒരു കാറും ഓട്ടോറിക്ഷയും നിരവധി ഇരുചക്ര വാഹനങ്ങളും ആന തകർത്തു. കൂടാതെ കോളനിയിലെ വീടുകളുടെ മതിലുകളും ഗേറ്റുകളും ആന തകർത്തിട്ടുണ്ട്. ഒടുവിൽ എലിഫന്റ് സ്ക്വാഡും പാപ്പന്മാരും ചേർന്ന് ആനയെ പൂർണ്ണമായി നിയന്ത്രണത്തിലാക്കിയതോടെയാണ് പ്രദേശവാസികൾക്കും നഗരവാസികൾക്കും ആശ്വാസമായത്.