കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ വലയിലാക്കി വിദേശത്തേക്ക് കടത്തിയിരുന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഈ സംഘം കഴിഞ്ഞ അഞ്ച് വർഷമായി സജീവമായി രംഗത്തുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കോവിഡ് കാലത്തിന് ശേഷമാണ് സംഘം കൂടുതൽ ശക്തമായത്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിന്റെ കേരളത്തിലെ പ്രധാന കണ്ണികൾ സിന്ധുവും ശ്രീകുമാർ എന്ന ബിലാലുമാണ്.
ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മറവിലാണ് ഇവർ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തിയിരുന്നത്. മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളുടെ വീടുകളിൽ നേരിട്ടെത്തി മാതാപിതാക്കളെ ഉൾപ്പെടെ വിശ്വസിപ്പിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഇരകളായ പെൺകുട്ടികളെ ബന്ധപ്പെടുന്നതിനായി മാത്രം ബിലാൽ നിരവധി സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇയാളുടെ ഉടമസ്ഥതയിലുള്ള പത്തിലധികം ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും പൊലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രധാന പ്രതികളായ സിന്ധു, ബിലാൽ, അലീന എന്നിവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായുള്ള കസ്റ്റഡി അപേക്ഷ അടുത്ത ആഴ്ച ആദ്യം തന്നെ പൊലീസ് കോടതിയിൽ സമർപ്പിക്കും. കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന മറ്റ് രണ്ട് പ്രതികളെക്കൂടി ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.