Share this Article
News Malayalam 24x7
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ പ്രശ്‌നം; സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും
Malayidamthuruth Eviction Issue

എറണാകുളം മലയിടംതുരുത്ത് പരിയത്തുകാവ് കുടിയൊഴിപ്പിക്കൽ പ്രശ്നത്തിൽ സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. കോടതിയിൽ നിന്ന് അനുകൂലമായ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് പൂർണ്ണമായ പുനരധിവാസം ഉറപ്പാക്കുമെന്ന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സർക്കാർ ഉറപ്പുനൽകി. റോജി എം. ജോണിന്റെ അധ്യക്ഷതയിലായിരുന്നു കളക്ടറേറ്റ് യോഗം ചേർന്നത്.

വിഷയത്തിൽ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും അമീനും ഇന്ന് സ്ഥലത്തെത്തും. ഇന്ന് തന്നെ കുടിയൊഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ നിർദ്ദേശം. എന്നാൽ ഒഴിപ്പിക്കൽ നടപടികളുടെ ഭാഗമായി പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ബലപ്രയോഗവും ഉണ്ടാകില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇടപെട്ടാണ് പ്രശ്നപരിഹാരത്തിനായി റോജി എം. ജോണിനെ ചുമതലപ്പെടുത്തിയത്.


ഒരു സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട് ഏതാണ്ട് 60 വർഷത്തോളമായി നിലനിൽക്കുന്ന ഭൂമി തർക്ക കേസാണിത്. കേസുമായി ബന്ധപ്പെട്ട് നാല് വർഷം മുൻപ് സുപ്രീം കോടതിയുടെ അന്തിമ വിധി വന്നിരുന്നു. വിധിപ്രകാരം 2 ഏക്കർ 65 സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയത്. ഇതോടെ പ്രദേശവാസികൾ വലിയ രീതിയിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.


നിലവിൽ ഏഴ് പട്ടികജാതി കുടുംബങ്ങളാണ് ഇവിടെ ഒഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. തങ്ങൾക്ക് ബദൽ സംവിധാനങ്ങൾ ഒന്നും ഒരുക്കി നൽകിയിട്ടില്ലെന്നും അതിനാൽ ഒരു കാരണവശാലും ഇവിടെ നിന്നും ഒഴിഞ്ഞ് പോകില്ലെന്ന നിലപാടിലാണ് കുടുംബങ്ങൾ. എന്നാൽ കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടാൻ സർക്കാർ അനുവദിക്കില്ലെന്നും അർഹമായ പുനരധിവാസം ഉറപ്പാക്കുമെന്നും യോഗത്തിൽ സർക്കാർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories