Share this Article
News Malayalam 24x7
സത്യപ്രതിജ്ഞയ്ക്ക് ഇളവ് വേണമെന്ന സുഗതന്റെ അപേക്ഷയില്‍ വിധി ഇന്ന്
Court Verdict Today on BJP Councillor Sugathan's Oath Plea

കാപ്പ (KAAPA) ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അപേക്ഷയിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇളവ് നൽകി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്നാണ് വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതന്റെ ആവശ്യം.

നിയമാനുസൃതമല്ലാത്ത രീതിയിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭയിലെ സുഗതൻ ഉൾപ്പെടെയുള്ള 20 ബി.ജെ.പി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. തുടർന്ന് നാല് ആഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കോടതി നിർദേശിക്കുകയും ചെയ്തു. ഇതേത്തുടർന്ന് മറ്റ് 19 കൗൺസിലർമാരും കഴിഞ്ഞമാസം തന്നെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെങ്കിലും ജയിലിൽ കഴിയുന്ന സുഗതന് അതിന് സാധിച്ചിരുന്നില്ല.


നിയമപ്രകാരം ജൂലൈ 24-നകം വീണ്ടും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സുഗതന് കൗൺസിലർ സ്ഥാനം നഷ്ടമാകും. കൂടാതെ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ വിട്ടുനിന്നാലും അയോഗ്യത വരാൻ സാധ്യതയുണ്ട്. നിലവിൽ രണ്ട് യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിട്ടില്ല.


സുഗതനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത നടപടി കാപ്പാ ഉപദേശക സമിതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. ഇതോടെ ആറ് മാസത്തേക്ക് ജയിലിൽ തുടരേണ്ടി വരുന്ന സുഗതന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുഗതന് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചില്ലെങ്കിൽ തടവിൽ തുടരേണ്ടി വരും. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതന്റെ ജാമ്യാപേക്ഷകൾ നെടുമങ്ങാട് കോടതി നേരത്തെ തള്ളിയിരുന്നു.


101 അംഗ തിരുവനന്തപുരം കോർപറേഷനിൽ നേരിയ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി ഭരണം നടത്തുന്നത്. സുഗതന്റെ കൗൺസിലർ സ്ഥാനം നഷ്ടമായാൽ അത് ഭരണസമിതിയുടെ ഭൂരിപക്ഷത്തെ നേരിട്ട് ബാധിക്കും. അതുകൊണ്ടുതന്നെ ഇന്നത്തെ കോടതി വിധി ബി.ജെ.പി നേതൃത്വത്തിനും ഏറെ നിർണായകമാണ്.


അതേസമയം, വധശ്രമക്കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതനെ കൗൺസിൽ സ്ഥാനത്തുനിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷമായ എൽ.ഡി.എഫും യു.ഡി.എഫും നഗരസഭയ്ക്ക് മുന്നിൽ സമരം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ സുഗതനെതിരെ ചുമത്തിയിട്ടുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബി.ജെ.പിയുടെ നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories