കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ച നാല് ലോഡിംഗ് തൊഴിലാളികളിൽ മൂന്നുപേരുടെ സംസ്കാരം ഇന്ന് നടക്കും. അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീർ, തിരുവങ്ങൂർ സ്വദേശി വിനോദ് എന്നിവരുടെ സംസ്കാര ചടങ്ങാണ് ഇന്ന് നടക്കുക. അപകടത്തിൽപ്പെട്ട് പരിക്കേറ്റ കിണാശ്ശേരി സ്വദേശി ജബ്ബാറിന്റെ ഖബറടക്കം ഇന്നലെ രാത്രി തന്നെ നടത്തിയിരുന്നു. ചികിത്സയിലിരിക്കെയാണ് വിനോദ് മരണത്തിന് കീഴടങ്ങിയത്.
ഏഴ് പതിറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്നാണ് അപകടം നടന്നത്. ലോഡ് ഇറക്കി ഷട്ടറിനടിയിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ തലയിലേക്കാണ് കോൺക്രീറ്റ് പാളി പതിച്ചത്. കെട്ടിടത്തിന്റെ ശോച്യാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ അപകടാവസ്ഥയിലുള്ള 14 കെട്ടിടങ്ങൾ നേരത്തെ കണ്ടെത്തിയിട്ടും പൊളിച്ചുനീക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
സംഭവത്തിൽ കോർപ്പറേഷനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും, മേയർ ഉൾപ്പെടെയുള്ള ഉത്തരവാദികൾക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ഇന്ന് കോർപ്പറേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഭരണകക്ഷിയായ സിപിഐ പോലും കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞത് അധികൃതരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിശദീകരിക്കാൻ മേയർ ഇന്ന് രാവിലെ 9 മണിക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. സംഭവത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എൻജിനീയറിങ് വിഭാഗത്തോട് മേയർ നിർദ്ദേശിച്ചിട്ടുണ്ട്.