Share this Article
News Malayalam 24x7
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും മെത്താഫെറ്റമിന്‍ പിടികൂടി
Major Drug Seizure at Kozhikode Airport

കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. ഭക്ഷണപ്പൊതികൾക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ യാത്രക്കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും 1.974 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമിൻ ആണ് കണ്ടെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1.58 കോടി രൂപയോളം വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ കോഴിക്കോട് യൂണിറ്റ് നടത്തിയ കൃത്യമായ ഇടപെടലിലൂടെയാണ് ഈ വൻ മയക്കുമരുന്ന് വേട്ട നടന്നത്. സാധാരണ ഭക്ഷണസാധനങ്ങൾക്കിടയിൽ പാക്ക് ചെയ്ത നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പിടിയിലായ യാത്രക്കാരനെ എൻഡിപിഎസ് (NDPS) നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇയാൾക്ക് മയക്കുമരുന്ന് കൈമാറിയത് ആരെല്ലാമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരി മാഫിയാ സംഘങ്ങളെക്കുറിച്ചും ഡിആർഐ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് കടത്ത് തടയുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories