പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ജെഡിടി ക്യാമ്പസിൽ സ്ട്രോങ്ങ് റൂമിന് സമീപത്തെ മുറി തുറന്ന സംഭവത്തിൽ അട്ടിമറി സംശയിച്ച് യുഡിഎഫ്. സംഭവത്തിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായും പേരാമ്പ്ര റിട്ടേണിംഗ് ഓഫീസറെ ഉടൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
വോട്ടെണ്ണൽ യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് തൊട്ടടുത്തുള്ള, തെരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിച്ച മുറി തുറന്നതാണ് വിവാദമായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂമല്ലെന്നും, 'എൻകോർ' സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായാണ് മുറി തുറന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, കേന്ദ്രസേനയുടെ മാത്രം സുരക്ഷാ വലയത്തിലുണ്ടാകേണ്ട സ്ഥലത്ത് സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരും കേരള പോലീസും പ്രവേശിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. മുറി തുറക്കുന്നത് സംബന്ധിച്ച് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ്ഥാനാർത്ഥിയെ അറിയിച്ചത്. എന്നാൽ 11 മണിയോടെ യുഡിഎഫ് പ്രതിനിധി സ്ഥലത്തെത്തിയപ്പോൾ സ്ഥാനാർത്ഥികളുടെ മറ്റ് ഏജന്റുമാരുടെ സാന്നിധ്യമില്ലാതെ തന്നെ മുറി തുറന്ന് നടപടികൾ തുടങ്ങിയിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ പറഞ്ഞു.
സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലൊന്നും ഇല്ലാത്ത ഇത്തരമൊരു നടപടി പേരാമ്പ്രയിൽ മാത്രം നടന്നതിൽ ദുരൂഹതയുണ്ടെന്നും, റിട്ടേണിംഗ് ഓഫീസറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. വിഷയത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകാനാണ് യുഡിഎഫിന്റെ തീരുമാനം.