കോഴിക്കോട് വടകര ആലഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ മാസം 13-നാണ് വിഷ്ണുവിനെ വീട്ടിൽ നിന്ന് കാണാതായത്.
ബാങ്കിൽ പോകുകയാണെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഓൺലൈൻ ലോൺ ആപ്പിൽ നിന്നും വിഷ്ണു 10,000 രൂപ കടമെടുത്തിരുന്നതായും ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ആപ്പിൽ നിന്നും കടുത്ത ഭീഷണി നേരിട്ടിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.
വിഷ്ണുവിന് ലഭിച്ച ഭീഷണി സന്ദേശങ്ങൾ കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. ലോൺ ആപ്പുകാരുടെ ഭീഷണി ഭയന്ന് വിഷ്ണു നാടുവിട്ടതാകാം എന്നാണ് കുടുംബത്തിന്റെ സംശയം. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. വിഷ്ണുവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.