ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് വടകരയിൽ നിന്ന് കാണാതായ ആലഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) കണ്ടെത്തി. എട്ടുദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിഷ്ണുവിനെ പൊലീസ് കണ്ടെത്തിയത്.
ഇന്ന് രാവിലെ നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികന്റെ ഫോണിൽ നിന്ന് വിഷ്ണു തന്റെ സഹോദരനെ വിളിച്ചിരുന്നു. താൻ സുരക്ഷിതനാണെന്ന് വിഷ്ണു വീട്ടുകാരെ അറിയിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
കഴിഞ്ഞ മാസം 13-ാം തീയതി ബാങ്കിൽ പോകുകയാണെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നിറങ്ങിയത്. ഓൺലൈൻ ലോൺ ആപ്പിൽ നിന്ന് വിഷ്ണു പതിനായിരം രൂപ കടമെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വിഷ്ണുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നടക്കമുള്ള കടുത്ത ഭീഷണി ലോൺ ആപ്പ് മാഫിയയുടെ ഭാഗത്തുനിന്നുണ്ടായി. ഇതിൽ മനംനൊന്താണ് വിഷ്ണു നാടുവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി.
സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി വരികയായിരുന്നു. പയ്യന്നൂരിൽ നിന്ന് കണ്ടെത്തിയ വിഷ്ണുവിനെ വടകരയിൽ എത്തിച്ച് മൊഴിയെടുത്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.