സംസ്ഥാനത്ത് ചൂട് കഠിനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലപ്പുറം വണ്ടൂരിൽ നാലു വയസ്സുകാരിക്ക് സൂര്യാതപമേറ്റു. വണ്ടൂർ ഗവൺമെന്റ് ആശുപത്രി കുന്നിലെ ഇസാ ജോണിനാണ് സൂര്യാതപമേറ്റത്. വയറിലും കൈകളിലുമെല്ലാം പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.
കഴിഞ്ഞ ദിവസം സഹോദരങ്ങൾക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് സൂര്യാതപം ഏറ്റത്. ഉച്ചയ്ക്ക് വെയിലത്ത് കളിച്ചതിന് ശേഷം കുട്ടിക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ പൊള്ളലേറ്റത് ശ്രദ്ധയിൽപ്പെട്ടത്. വയറിലും കൈകളിലുമെല്ലാം പൊള്ളലേറ്റ കുമിളകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുട്ടിക്ക് വസ്ത്രം ധരിക്കാനോ കുളിക്കാനോ കഴിയാത്ത വിധം കടുത്ത വേദനയും നീറ്റലുമാണ് അനുഭവപ്പെടുന്നത്. വെയിലത്ത് കളിച്ചതാണ് കുട്ടിക്ക് സൂര്യാതപം ഏൽക്കാൻ കാരണമായതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികളെ ഉച്ചസമയത്ത് വെയിലത്തിറക്കാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് വീണ്ടും മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂര്യാതപവും സൂര്യഘാതവും റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചു വരികയാണ്.