ജനവാസ മേഖലയിൽ വീണ്ടും കരടിയിറങ്ങി. കുമളി ചോട്ടാപ്പാറ മുത്തയ്യൻ കോളനിയിൽ കഴിഞ്ഞ ദിവസമാണ് കരടിയുടെ സാന്നിധ്യം പ്രാദേശികവാസികളെ ഭീതിയിലാഴ്ത്തിയത്. കോളനി നിവാസിയായ ആനന്ദന്റെ വീടിന് മുന്നിലെത്തിയ കരടി, അവിടെയുണ്ടായിരുന്ന വളർത്തുനായയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
രാത്രിയിൽ നായയുടെ തുടർച്ചയായ കുരകേട്ട് വീട്ടുകാർ പുറത്തിറങ്ങി ബഹളം വെച്ചതോടെ കരടി കാട്ടിലേക്ക് ഓടിപ്പോയി. കരടി നായയെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെയും ആളുകൾ ശബ്ദമുണ്ടാക്കുമ്പോൾ ഓടിമറയുന്നതിന്റെയും ഭീതിജനകമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കരടിയെ കൂട് സ്ഥാപിച്ച് പിടികൂടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രദേശം വനംവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.