Share this Article
News Malayalam 24x7
തീര്‍ത്ഥാടകരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു; ആശങ്കയിലായി ദേവസ്വം ബോര്‍ഡും പൊലീസും
Sabarimala Temple

ശബരിമല ദര്‍ശനത്തിനായി കാനന പാതകളിലൂടെയും സ്‌പോട്ട് ബുക്കിംഗ് മുഖേനെയും എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ദേവസ്വം ബോര്‍ഡിനേയും പൊലീസിനെയും ഒരുപോലെ ആശങ്കയിലാക്കുന്നു. മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന തിങ്കളാഴ്ച മുതല്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ അനുഭവപ്പെടുന്ന വര്‍ദ്ധനവാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. 

നട തുറന്ന തിങ്കളാഴ്ച വെര്‍ച്ചല്‍ ക്യൂ മുഖേന 30000 പേരെയും സ്‌പോര്‍ട്ട് ബുക്കിംഗിലൂടെ 10000 പേരെയും കടത്തിവിടാന്‍ ആയിരുന്നു ബോര്‍ഡിന്റെയും പോലീസിന്റെയും തീരുമാനം. എന്നാല്‍ കണക്കുകൂട്ടലുകളെ ആകെ തകിടം മറിച്ച് ലക്ഷത്തിന് മേല്‍ തീര്‍ത്ഥാടകരാണ് തിങ്കളാഴ്ച എത്തിയത്.

മുന്‍ ദിവസങ്ങളില്‍ ബുക്ക് ചെയ്ത് എത്താന്‍ കഴിയാതിരുന്നവര്‍ അടക്കം 62,915 തീര്‍ത്ഥാടകര്‍ വെര്‍ച്ചല്‍ സംവിധാനത്തിലൂടെ മാത്രം തിങ്കളാഴ്ച  ദര്‍ശനത്തിന് എത്തി. ഇതു കൂടാതെയാണ് കാനന പാതകളായ എരുമേലി - മുക്കുഴി വഴി തിങ്കളാഴ്ച 21347 തീര്‍ത്ഥാടകരും പുല്ലുമേട് വഴി 3479 തീര്‍ത്ഥാടകരും സ്‌പോര്‍ട്ട് ബുക്കിംഗ് മുഖേന 22952 പേരും എത്തിയത്. ഇതോടെ തിങ്കളാഴ്ച രാത്രി 12 മണി വരെ മാത്രം സന്നിധാനത്ത് ഒരു ലക്ഷത്തി പതിനായിരത്തി അറുനൂറ്റി തൊണ്ണൂറ്റി മൂന്ന് പേര്‍ എത്തി.

വെര്‍ച്ചല്‍ ക്യൂ വഴി നടപ്പന്തലിന്‍ എത്തിയ തീര്‍ത്ഥാടകര്‍ക്കൊപ്പം പ്രത്യേക പാസ് മുഖേന കാനന പാതകളിലൂടെ വന്ന 25000ത്തോളം തീര്‍ത്ഥാടകര്‍ പ്രത്യേക ദര്‍ശന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്ന വലിയ നടപ്പന്തലിലെ പ്രത്യേക ക്യൂവില്‍ കൂട്ടമായി എത്തി. തുടര്‍ന്ന് നടപ്പന്തലിന്റെ ഇരുവശത്തു നിന്നും തീര്‍ത്ഥാടകര്‍ മേലെ തിരുമുറ്റത്തിന്റെ പടിക്കെട്ടിലേക്ക് കൂട്ടത്തോടെ ഇരച്ചു കയറി. ഇതോടെ പൊലീസിന്റെ നിയന്ത്രണങ്ങള്‍ പാടേ പാളി.

സമാനമായ സ്ഥിതി ചൊവ്വാഴ്ചയും അനുഭവപ്പെട്ടു. മകരവിളക്ക് ദിനം വരെയും ക്രമാതീതമായ തിരക്കാണ് ബോര്‍ഡും പോലീസും പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories