കുന്ദമംഗലം കുരിക്കത്തൂരിൽ വീടിനുള്ളിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മുണ്ടിക്കൽതാഴം സ്വദേശി വിഷ്ണുവിനെ സംഭവവുമായി ബന്ധപ്പെട്ട് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. വീട് വാടകയ്ക്കെടുത്ത് അനധികൃതമായി പടക്ക നിർമ്മാണ യൂണിറ്റ് നടത്തിവരുകയായിരുന്നു വിഷ്ണു എന്നാണ് പ്രാഥമിക വിവരം.
രാമനാട്ടുകര സ്വദേശി രാഹുൽ, മുണ്ടിക്കൽതാഴം സ്വദേശി രാഹുൽ എന്നിവരാണ് സ്ഫോടനത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന്റെ ഭാര്യ സിമി, ഷിജിത്ത് എന്നിവരടക്കം മൂന്ന് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണ്ണമായും തകർന്നു. കൂടാതെ സമീപത്തെ അഞ്ചോളം വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ഒരു കിലോമീറ്റർ ദൂരത്തോളം സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. വളരെ രഹസ്യമായാണ് ഇവിടെ പടക്ക നിർമ്മാണം നടന്നിരുന്നത്. സംഭവത്തിൽ കുന്ദമംഗലം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടകവസ്തു നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.