പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നതോടെ തൃശൂർ നഗരം ഇനി പൂരലഹരിയിലേക്ക് നീങ്ങും.
രാവിലെ ഘടകക്ഷേത്രങ്ങളിലെ കൊടിയേറ്റത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യ കൊടിയേറ്റം നടന്നത്. തുടർന്ന് അയ്യന്തോൾ, ചെമ്പൂക്കാവ്, പനമുക്കമ്പിള്ളി തുടങ്ങി മറ്റ് ഘടകക്ഷേത്രങ്ങളിലും പൂരപ്പതാകകൾ ഉയർന്നു.
പാറമേക്കാവ് ക്ഷേത്രത്തിൽ രാവിലെ 11:30-ഓടെയാണ് കൊടിയേറ്റം നടന്നത്. പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടിലെ കുട്ടൻ ആചാരി ഒരുക്കിയ കൊടിമരത്തിൽ ഭഗവതിയുടെ സാന്നിധ്യത്തിൽ പൂരപ്പതാക ഉയർത്തി. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11:00-നും 11:30-നും മധ്യേ കൊടിയേറ്റ ചടങ്ങുകൾ നടന്നു. താഴത്തുപുരയ്ക്കൽ സുന്ദരനും സുഷിത്തും ചേർന്ന് കൊടിമരം ഉയർത്തിയതോടെ ആവേശമുയർന്നു. മേൽശാന്തി ദേശക്കാർക്ക് കൈമാറിയ കൊടിക്കൂറ ഉപചാരപൂർവ്വം കൊടിമരത്തിൽ ചാർത്തി.
ഇതോടെ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നഗരം ഉത്സവ ലഹരിയിലായി. ഈ മാസം 24-ന് സാമ്പിൾ വെടിക്കെട്ടും 25-ന് തെക്കേ ഗോപുരവാതിൽ തുറന്നുള്ള പൂരം വിളംബരവും നടക്കും. ഏപ്രിൽ 26-നാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം അരങ്ങേറുന്നത്. പൂരത്തിന് മുന്നോടിയായി നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.