Share this Article
News Malayalam 24x7
നദികളിൽ ജലനിരപ്പ് ഉയർന്നു; കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു
Heavy Rain in Pathanamthitta

ജില്ലയിൽ ഇടവപ്പാതി ശക്തമായതിനെ തുടർന്ന് പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയരുകയാണ്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക ഭീഷണിയുള്ള താഴ്ന്ന പ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി. മഴക്കെടുതികൾ നേരിടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നഗരസഭയും ദുരന്തനിവാരണ സമിതിയും പൂർണ്ണ സജ്ജമാണെന്ന് പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, കൗൺസിലർ എ. സുരേഷ് കുമാർ എന്നിവർ അറിയിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി, വാട്ടർ അതോറിറ്റി, ഫയർഫോഴ്സ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അടിയന്തര യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.


വെള്ളപ്പൊക്കമുണ്ടായാൽ നദീതീരങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായുള്ള ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവ ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചു. അപകടസാധ്യതയുള്ള കുളിക്കടവുകളിലും നദികളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. സ്കൂൾ വിദ്യാർത്ഥികൾ ജലാശയങ്ങളിൽ ഇറങ്ങുന്നത് തടയാൻ അധ്യാപകരും രക്ഷിതാക്കളും കർശന ജാഗ്രത പുലർത്തണമെന്നും സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


കാറ്റിലും മഴയിലും മരച്ചില്ലകൾ ഒടിഞ്ഞുവീണ് വൈദ്യുത ലൈനുകൾ പൊട്ടുന്നത് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ കെ.എസ്.ഇ.ബി (KSEB) പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നഗരസഭ ആവശ്യപ്പെട്ടു. ജനങ്ങൾ പരിഭ്രാന്തരാകാതെ ഔദ്യോഗിക ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും നഗരസഭ അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories