Share this Article
News Malayalam 24x7
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കയ്യാങ്കളിയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് എതിരെ കേസ്
Thiruvananthapuram Corporation Council Clash

തിരുവനന്തപുരം നഗരസഭയിലെ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്-ബി.ജെ.പി കൗൺസിലർമാർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ ബി.ജെ.പി പ്രതിനിധികൾക്കെതിരെ കേസ്. കോൺഗ്രസ് വനിതാ കൗൺസിലർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, വി. ഗിരി, പാപ്പനംകോട് സജി, വയൽക്കര രതീഷ് എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി.

കഴിഞ്ഞ ദിവസം (തിങ്കളാഴ്ച) വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു കോർപ്പറേഷൻ കൗൺസിൽ ഹാളിൽ കയ്യാങ്കളി അരങ്ങേറിയത്. കാപ്പ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ അയോഗ്യതയിൽ നിന്നും സംരക്ഷിക്കാൻ ബിജെപി ഭരണസമിതി ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചത്. തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം റദ്ദാക്കുമെന്ന വ്യവസ്ഥയുള്ളതിനാൽ സുഗതന്റെ ഒപ്പ് രേഖപ്പെടുത്തുന്നതിനായി ഹാജർ രജിസ്റ്ററിൽ ബിജെപി തിരിമറി നടത്തിയതായി യു.ഡി.എഫ് ആരോപിച്ചു.


മേയർ അജണ്ടകൾ പാസാക്കി യോഗം അവസാനിപ്പിച്ചതിന് പിന്നാലെ യു.ഡി.എഫ് അംഗങ്ങൾ ഹാജർ രജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിച്ചപ്പോഴാണ് തർക്കം സംഘർഷത്തിലേക്ക് വഴിമാറിയത്. ഹാജർ ബുക്ക് പരിശോധിക്കാൻ ശ്രമിച്ച യു.ഡി.എഫ് കൗൺസിലർ കെ.എസ്. ശബരിനാഥനെ ബിജെപി പ്രതിനിധികൾ തടയുകയും രജിസ്റ്റർ ബലമായി പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ തടയാൻ ശ്രമിച്ച യു.ഡി.എഫ് വനിതാ കൗൺസിലർമാരായ ഷെർലി, അനിത അലക്സ് എന്നിവരെ ചെമ്പഴന്തി ഉദയൻ ഉൾപ്പെടെയുള്ള ബി.ജെ.പി കൗൺസിലർമാർ മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. മർദ്ദനമേറ്റ ഷെർലിയെ നിലവിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തിനിടെ വനിതാ അംഗങ്ങൾക്ക് നേരെ ചൂടുവെള്ളം ഒഴിച്ചതായും ആക്ഷേപമുണ്ട്.


സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തും. വനിതാ കൗൺസിലർമാരെ മർദ്ദിച്ച പ്രതികളെ സഭയിൽ നിന്നും പുറത്താക്കണമെന്നും കർശന നിയമനടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. അതേസമയം യു.ഡി.എഫ് കൗൺസിലർമാർ മനപ്പൂർവ്വം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും ഹാജർ രജിസ്റ്ററിൽ അവർ വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമിച്ചതിനെയാണ് തങ്ങൾ തടഞ്ഞതെന്നും ബി.ജെ.പി ആരോപിച്ചു. കോൺഗ്രസ് കൗൺസിലർമാർക്കെതിരെ ബി.ജെ.പിയും ഇന്ന് പൊലീസിൽ പരാതി നൽകിയേക്കും. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ നഗരസഭയിലെ ഭരണ-പ്രതിപക്ഷ തർക്കം കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories