മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ അധികൃതർ സമർപ്പിച്ച വിശദീകരണം വിദ്യാഭ്യാസ വകുപ്പ് ഇന്ന് പരിശോധിക്കും. സ്കൂൾ പ്രധാന അധ്യാപികയും ക്ലാസ് ടീച്ചറും നൽകിയ മറുപടികളാണ് അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ (എ.ഇ.ഒ) ഇന്ന് വിശദമായി പരിശോധിക്കുക. സംഭവത്തിൽ സ്കൂൾ മാനേജരുടെ വാദം കേൾക്കുന്നതിനായി നോട്ടീസ് നൽകാനും തീരുമാനമായിട്ടുണ്ട്.
പീഡനവിവരം പുറത്തുവന്ന ആദ്യഘട്ടത്തിൽ കുറ്റാരോപിതനായ അധ്യാപകനെതിരെ നടപടിയെടുക്കാൻ സ്കൂൾ അധികൃതർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി എ.ഇ.ഒ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. അധ്യാപകൻ സ്വയം സ്ഥലം മാറിപ്പോയെന്നായിരുന്നു അധികൃതർ ആദ്യം നൽകിയ വിശദീകരണം, എന്നാൽ യഥാർത്ഥ കാരണം പുറത്തുവന്നതോടെ ഇത് വിവാദമായി.
സ്കൂൾ അധികൃതർ നൽകിയ വിശദീകരണത്തിന്റെ സത്യാവസ്ഥ എ.ഇ.ഒ പരിശോധിക്കും. അധ്യാപകനെതിരെ നടപടിയെടുക്കാൻ വൈകിയതിൽ സ്കൂൾ മാനേജർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകാനാണ് സാധ്യത. മാനേജരുടെ വിശദീകരണം കൂടി കേട്ട ശേഷമാകും കേസിൽ തുടർനടപടികൾ സ്വീകരിക്കുക. ഇന്നത്തെ പരിശോധനാ ഫലം കേസിൽ നിർണായകമാകും.