അയ്യപ്പഭക്തർ കാത്തിരിക്കുന്ന പുണ്യമുഹൂർത്തമായ മകരവിളക്ക് മഹോത്സവവും മകരസംക്രമ പൂജയും നാളെ സന്നിധാനത്ത് നടക്കും. മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് ഇപ്പോൾ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തീർത്ഥാടകരെ വരവേൽക്കുന്നതിനായി സന്നിധാനത്ത് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
മകരവിളക്കിന്റെ ഭാഗമായുള്ള പ്രസാദശുദ്ധി ക്രിയകൾ ഇതിനോടകം സന്നിധാനത്ത് നടന്നു. ബുധനാഴ്ച പകൽ 3:08-ന് സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് സംക്രമിക്കുന്ന വേളയിലാണ് വിശേഷാൽ മകരസംക്രമ പൂജ നടക്കുക. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരര്, മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവർ പൂജകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.
പന്തളം കൊട്ടാരത്തിൽ നിന്നുള്ള പവിത്രമായ തിരുവാഭരണ ഘോഷയാത്ര നാളെ സന്നിധാനത്ത് എത്തിച്ചേരും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് സാക്ഷ്യം വഹിക്കാൻ ലക്ഷക്കണക്കിന് ഭക്തരാണ് മലകയറി സന്നിധാനത്ത് എത്തിക്കൊണ്ടിരിക്കുന്നത്.