തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ, ആദ്യ ദിനത്തിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത്. 195 പോയിന്റോടുകൂടിയാണ് കണ്ണൂർ കപ്പ് ലക്ഷ്യമാക്കി മുന്നേറ്റം നടത്തുന്നത്.കോഴിക്കോട് ആണ് രണ്ടാമത്. 193 പോയിന്റ് ആണ് കോഴിക്കോട് ജില്ലയ്ക്ക്.191 പോയിന്റുമായി ആതിഥേയ ജില്ലയായ തൃശൂർ ആണ് മൂന്നാം സ്ഥാനത്ത്.മറ്റ് ജില്ലകളും പോര് മുറുക്കിയതോടെ തൃശൂർ കലോത്സവം അടിമുടി ആവേശം നിറഞ്ഞതാകുകയാണ്.
അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന് തൃശൂരിൽ ഇന്ന് രാവിലെയാണ് ഉജ്വല തുടക്കം കുറിച്ചത്. മത്സര ബുദ്ധി കലോത്സവത്തിന്റെ ഭംഗി കെടുത്താതെ നോക്കണമെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി വിദ്യാർഥികളെയും രക്ഷിതാക്കളെയും ഓർമിപ്പിച്ചു. കലോൽസവം ഐക്യത്തിൻ്റെ ഉദയമാകണമെന്നായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ആഹ്വാനം. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് പതാക ഉയർത്തിയതോടെ കലാമേളയ്ക്ക് തുടക്കമായി. തൃശൂരിൻ്റെ പൂര പെരുമ വിളിച്ചോതുന്ന പാണ്ടിമേളമാണ് കലാ നഗരിയെ ഉണർത്തിയത്. കലാമണ്ഡലത്തിലെ വിദ്യാർഥികൾ ഒരുക്കിയ സ്വാഗത ഗാനത്തിൻ്റെ നൃത്താവിഷ്കാരം കാണാൻ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ സദസിലിരുന്നു. ശേഷം മുഖ്യമന്ത്രി തിരികൊളുത്തി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സുരേഷ് ഗോപിയടക്കം കേന്ദ്ര സംസ്ഥാന മന്ത്രിമാർ അണിനിരന്ന വേദിയിൽ കുട്ടികളുടെ കൈയടിയത്രയും സർവം മായ സിനിമയിലൂടെ ശ്രദ്ധേയയായ പുതുമുഖ താരം റിയ ഷിബു നേടി. കലാമണ്ഡലം ഗോപിയും പെരുവനം കുട്ടൻമാരാരും കൗമാര കലാ പ്രതിഭകൾക്ക് പ്രോൽസാഹനവുമായി വേദിയിലെത്തി. പതിവു തെറ്റിക്കാതെ പാട്ടു പാടി മന്ത്രി കടന്നപ്പള്ളിയും കലാവേദിയിലെ സന്തോഷത്തിൻ്റെ ഭാഗമായി.