Share this Article
News Malayalam 24x7
തൃശൂർ വെടിക്കെട്ടപകടം; മൃതദേഹ ഭാഗങ്ങള്‍ക്കായി ഇന്നും തെരച്ചില്‍
Thrissur Mundathikkodu Fireworks Explosion

മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി. മരിച്ചവരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും കണ്ടെടുക്കുന്ന ശരീരഭാഗങ്ങളുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് മെഡിക്കൽ കോളേജിൽ പുനരാരംഭിക്കും.

അപകടത്തിൽ പരിക്കേറ്റ 13 പേർ ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ട് പേർ നിലവിൽ വെന്റിലേറ്ററിലാണ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘങ്ങൾ തൃശൂരിലെത്തിയിട്ടുണ്ട്.


സ്ഫോടനത്തിന്റെ തീവ്രതയിൽ കിലോമീറ്ററുകളോളം അകലെയുള്ള വീടുകൾക്ക് വരെ പ്രകമ്പനമുണ്ടാവുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തെത്തുടർന്നുണ്ടായ കനത്ത പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമായതും സമീപത്തെ കിണറുകളിലെയും കുളങ്ങളിലെയും വെള്ളം മലിനമായതും പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കടുത്ത ചൂടാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.


അപകടസ്ഥലത്തും സമീപത്തെ പാടശേഖരങ്ങളിലും ശരീരഭാഗങ്ങൾക്കായി ഇന്നും വ്യാപകമായ തിരച്ചിൽ നടക്കും. ഫയർഫോഴ്സിന്റെ റോബോർട്ടുകൾ, ഡ്രോണുകൾ എന്നിവയ്ക്ക് പുറമെ വയനാട് ദുരന്തത്തിൽ തിരച്ചിലിന് നേതൃത്വം നൽകിയ മായ, മർഫി, എയ്ഞ്ചൽ എന്നീ കെഡാവർ നായ്ക്കളെയും തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധർ ഡിഎൻഎ പരിശോധനയ്ക്ക് നേതൃത്വം നൽകും.


സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഫോറൻസിക് സംഘവും ശാസ്ത്രീയ പരിശോധനാ സംഘവും ഇന്ന് അപകടസ്ഥലത്ത് വിശദമായ പരിശോധന നടത്തും. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് മെഡിക്കൽ കോളേജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സഹായങ്ങൾക്കായി കലക്ടറേറ്റിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories