Share this Article
News Malayalam 24x7
ആന എഴുന്നെള്ളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാകില്ല
Kerala High Court Refuses Further Restrictions on Elephant Parade

തൃശൂർ പൂരത്തിലെ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ളതിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. തൃശൂർ സ്വദേശിയായ വെങ്കിടാചലം നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു.

ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങളിൽ ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഹൈക്കോടതിക്ക് കഴിയില്ല. കടുത്ത ചൂട് പരിഗണിച്ച് ആനയെഴുന്നള്ളിപ്പിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.


സർക്കാർ പുറപ്പെടുവിച്ച സർക്കുലറുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി, തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് നോട്ടീസ് അയച്ചു.


ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആനകളുടെ സുരക്ഷയും എഴുന്നള്ളിപ്പും സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക പരാമർശം. നിലവിലെ സർക്കാർ നിയമങ്ങളും സുപ്രീം കോടതിയുടെ ഉത്തരവുകളും അനുസരിച്ച് മാത്രമേ തുടർനടപടികൾ ഉണ്ടാകൂ എന്ന് കോടതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories