Share this Article
News Malayalam 24x7
മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
Alappuzha Court Postpones Former CM's Gunmen Bail Plea Hearing

നവകേരള സദസ്സിനിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാരുൾപ്പെടെ അഞ്ച് സുരക്ഷാ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ തങ്ങളുടെ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ഇടക്കാല ആവശ്യവും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി തള്ളി.

കേസിൽ പ്രതികളായ അനിൽ കുമാർ, സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നീ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷകളാണ് നാളെ കോടതി ഒരുമിച്ച് പരിഗണിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ അറസ്റ്റ് തടയാനുള്ള നിയമപരമായ അധികാരം ജില്ലാ കോടതികൾക്കില്ലെന്ന് ജഡ്ജി വ്യക്തമാക്കി. സുപ്രീം കോടതിക്കോ ഹൈക്കോടതിക്കോ മാത്രമേ ഇത്തരത്തിൽ അറസ്റ്റ് തടയാൻ അനുമതിയുള്ളൂ എന്നും കോടതി നിരീക്ഷിച്ചു.


പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ നരഹത്യാശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പോലീസ് ചുമത്തിയിരുന്നു. ഇതിന് പിന്നാലെ അഞ്ച് പ്രതികളും ഒളിവിൽ പോയെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. എന്നാൽ പ്രതികൾ ഒളിവിലല്ലെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. നാളെ ഈ ഹർജികളിൽ വിശദമായ വാദം കേൾക്കൽ നടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories