കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതികൾക്ക് നേരെ ക്രൂരമായ അതിക്രമം. വഴിയരികിൽ നിന്ന ആറംഗ സംഘം യുവതികളെ അശ്ലീല കമന്റടിച്ചതു ചോദ്യം ചെയ്തതിനാണ് ക്രൂരമർദ്ദനം ഇരയാക്കിയത്. സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.
പുലർച്ചെ ജോലി കഴിഞ്ഞ് തങ്ങളുടെ മുറിയിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ വഴിയരികിൽ നിന്ന സംഘം ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത പെൺകുട്ടികൾ അക്രമികളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു. ഇതോടെ പ്രകോപിതരായ സംഘം പെൺകുട്ടികളുടെ കൈ തിരിച്ചുപിടിച്ച് ഫോൺ തട്ടിയെടുത്ത് നിലത്തടിച്ചുടച്ചു. തുടർന്ന് ഒരു യുവതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും നെഞ്ചിലും വയറിലും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. ആക്രമണത്തിനിടെ യുവതിയുടെ വസ്ത്രം വലിച്ച് കീറാൻ ശ്രമിച്ചതായും പരാതിയിലുണ്ട്.
രണ്ട് യുവതികളും നാല് യുവാക്കളും അടങ്ങുന്ന ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും ക്രൂരമായി മർദ്ദിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.