എട്ടു വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. കാവുങ്ങൾ സ്വദേശി സിൽജോ-ജോൻസി ദമ്പതികളുടെ മകൻ അൽജോയാണ് മരിച്ചത്. പത്തു വയസ്സുകാരനായ സഹോദരൻ അനോഷ് ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി ഒരു വൈദികന്റെ ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടികൾ ഷേക്ക് കുടിച്ചിരുന്നു. പുലർച്ചെ രണ്ട് മണിയോടെ അനോഷിന് വയറുവേദന അനുഭവപ്പെടുകയും തുടർന്ന് മക്കളിലൊരാൾക്ക് ശാരീരിക അസ്വസ്ഥതകൾ പ്രകടമാവുകയും ചെയ്തു. കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതാകാം എന്നായിരുന്നു വീട്ടുകാർ ആദ്യം കരുതിയിരുന്നത്. എന്നാൽ നാല് മണിയോടെ അൽജോയുടെ വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ കുട്ടികളെ ഉടൻ തന്നെ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽജോയെ രക്ഷിക്കാനായില്ല.
അൽജോയുടെ മൃതദേഹം പരിശോധിച്ച ഡോക്ടർമാർ കാലിൽ പാമ്പ് കടിയേറ്റത്തിന് സമാനമായ പാടുകൾ കണ്ടെത്തി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടികൾ ഉറങ്ങിക്കിടന്നിരുന്ന മുറിയിൽ നിന്നും കടുത്ത വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി. നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.
വെള്ളിക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണം പാമ്പ് കടിയേറ്റു തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അധികൃതർ. പ്രാഥമിക നിഗമനത്തിൽ പാമ്പ് കടിയേറ്റതാണ് മരണകാരണമെന്ന് സംശയിക്കുന്നു.