മുണ്ടത്തിക്കോട്ട് ഉണ്ടായ ഭീകരമായ വെടിക്കെട്ട് സ്ഫോടനത്തിന്റെ നടുക്കം മാറാതെ പ്രദേശം. സ്ഫോടനം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും പൊലീസ് ഇന്നും വിപുലമായ തിരച്ചിൽ നടത്തി. പരിശോധനയിൽ മാംസം അവശേഷിക്കുന്ന എല്ലിൻ കഷ്ണങ്ങളും മറ്റ് ശരീരഭാഗങ്ങളും കണ്ടെടുത്തു. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റർ അകലെ നിന്നാണ് ഒരു കൈവിരൽ പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവിടെനിന്ന് ഒരാളുടെ തലയും കണ്ടെടുത്തിരുന്നു.
മൂന്ന് കെഡാവർ നായ്ക്കളെ ഉപയോഗിച്ചാണ് പൊലീസ് നിലവിൽ പരിശോധന നടത്തുന്നത്. നൂറോളം പൊലീസുകാരുടെ നേതൃത്വത്തിൽ പ്രദേശത്തെ പാടശേഖരങ്ങളിലും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലും വ്യാപകമായ തിരച്ചിൽ തുടരുകയാണ്. കടുത്ത ചൂട് തുടങ്ങുന്നതിന് മുൻപായി പരമാവധി പ്രദേശങ്ങളിൽ പരിശോധന പൂർത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം. വടക്കാഞ്ചേരി നഗരസഭാ കൗൺസിലർമാരും ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
മെഡിക്കൽ കോളേജിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 10 പേരാണ് ദുരന്തത്തിൽ മരിച്ചത്. സ്ഫോടനത്തിൽ ഇനിയും നാലുപേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 10 പേരിൽ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ദുരന്തഭൂമിയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി കണ്ടെടുത്ത അവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന ഉടൻ ആരംഭിക്കും. ഇത് മരിച്ചവരെ തിരിച്ചറിയുന്നതിനും കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും സഹായിക്കും.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.