Share this Article
News Malayalam 24x7
ഇടതു വൃക്കക്ക് പകരം വലത് വൃക്ക മാറി ശസ്ത്രക്രിയ നടത്തി, റീജിത്തിന്റെ മരണത്തിൽ പ്രതിഷേധം
Inquiry Ordered at Kozhikode Medical College After Patient's Death Following Alleged Surgical Error
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി മരണപ്പെട്ട സംഭവത്തിൽ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. നാദാപുരം വാണിമേൽ സ്വദേശിയായ റീജിത്ത് ആണ് മരണമടഞ്ഞത്. സംഭവത്തെത്തുടർന്ന് ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതോടെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു.

ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം വലത് വൃക്കയിലാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. കഴിഞ്ഞ വർഷം ഓഗസ്റ്റ് ആറിനാണ് റീജിത്തിനെ ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അതിനുശേഷം വിട്ടുമാറാത്ത വേദനയും മുറിവിൽ പഴുപ്പും ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം നിരന്തരം ചികിത്സ തേടിയിരുന്നു.

ഈ വർഷം ഏപ്രിൽ ഒന്നിന് ബന്ധുക്കളുടെ അനുമതിയില്ലാതെ വീണ്ടും ശസ്ത്രക്രിയ നടത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് ശാരീരിക നില വഷളായതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ സിടി സ്കാനിംഗിലാണ് ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് വലിയ മുറിവും പഴുപ്പും കണ്ടെത്തിയത്. തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച റീജിത്തിനെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെയോടെ ജീവൻ രക്ഷിക്കാനായില്ല.

ചികിത്സാപ്പിഴവ് ചൂണ്ടിക്കാണിച്ച് റീജിത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ബന്ധുക്കളും മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് മൂന്ന് വകുപ്പ് മേധാവികൾ (HOD) ഉൾപ്പെടുന്ന സമിതിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ ഉത്തരവിട്ടത്. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories