മൂന്നാറിൽ കാട്ടുക്കൊമ്പൻ പടയപ്പയുടെ ആക്രമണം. നല്ലതണ്ണി റോഡിൽ നിർത്തിയിട്ടിരുന്ന കാർ പടയപ്പ പൂർണ്ണമായും തകർത്തു. നല്ലതണ്ണി സ്വദേശിയായ ദിനകരന്റെ ഉടമസ്ഥതയിലുള്ള ചുവന്ന കാറാണ് ആന തകർത്തത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.
ആനയുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ദിനകരൻ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ വനപാലകരും ദ്രുതകർമ്മ സേനയും ചേർന്നാണ് ഏറെ പരിശ്രമത്തിനൊടുവിൽ പടയപ്പയെ കാട്ടിലേക്ക് തുരത്തിയത്.
കഴിഞ്ഞ കുറച്ചു നാളുകളായി കല്ലാറിലെ മാലിന്യ നിർമാർജന പ്ലാന്റ് പരിസരത്താണ് പടയപ്പ സ്ഥിരമായി തമ്പടിച്ചിരിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും തോട്ടം തൊഴിലാളികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ