തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ലൈസൻസിനെതിരെ പൊലീസ് കേസെടുത്തു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം സെക്രട്ടറി രാജേഷ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് പൂരത്തെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
6,000 കിലോ വരെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കാനും നിർമ്മിക്കാനും തങ്ങളുടെ ലൈസൻസിക്ക് അനുമതിയുണ്ട്. പെസോയുടെ (PESO) കർശനമായ നിർദ്ദേശങ്ങൾ പാലിച്ചാണ് എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത്. ഇപ്പോൾ പിടിച്ചെടുത്തു എന്ന് പറയുന്ന 1,500 കിലോയോളം വരുന്ന വെടിക്കെട്ട് സാമഗ്രികൾ അനുവദനീയമായ പരിധിയിൽ ഉള്ളതാണെന്നും രാജേഷ് വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി ഇതേ രീതിയിലാണ് വെടിക്കെട്ട് ഒരുക്കങ്ങൾ നടന്നു വരുന്നത്. മുൻ വർഷങ്ങളിൽ പൊലീസിന്റെയും റവന്യൂ വകുപ്പിന്റെയും പൂർണ്ണമായ സഹകരണത്തോടെയാണ് സാമഗ്രികൾ എത്തിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വത്തിനെതിരായ നീക്കങ്ങളിൽ നിന്ന് പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണമെന്ന് രാജേഷ് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല. അധികൃതർ നിലപാട് മാറ്റിയില്ലെങ്കിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ദേവസ്വം സെക്രട്ടറി മുന്നറിയിപ്പ് നൽകി. തൃശ്ശൂർ പൂരത്തിന്റെ ആവേശം കെടുത്തുന്ന ഇത്തരം വാർത്തകൾക്കെതിരെ പൂരപ്രേമികൾക്കിടയിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.