Share this Article
News Malayalam 24x7
നിക്ഷേപകൻ ജിവനൊടുക്കിയ സംഭവം; കടത്തനാട് സൊസൈറ്റിയിൽ കണ്ടെത്തിയത് കോടികളുടെ ക്രമക്കേട്
Kadathanad Cooperative Society Case

കോഴിക്കോട് വടകരയിലെ കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. സൊസൈറ്റിയിൽ നിക്ഷേപം നടത്തിയ വയോധികനായ ഇബ്രാഹിം ഹാജി മുൻ പ്രസിഡന്റിന്റെ വീട്ടുമ്മറത്ത് തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ നടത്തിയ ഓഡിറ്റ് പരിശോധനയിലാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്.

സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ സൊസൈറ്റിയിൽ നടത്തിയ ഓഡിറ്റ് പരിശോധനയിലാണ് 2.16 കോടി രൂപയുടെ ക്രമക്കേട് സ്ഥിരീകരിച്ചത്. 2022 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിലാണ് ഈ സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നത്. ക്രമക്കേട് പുറത്തുവന്നതോടെ കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.


ഉയർന്ന പലിശ വാഗ്ദാനം വിശ്വസിച്ചാണ് ഇബ്രാഹിം ഹാജിയും ബന്ധുക്കളും ചേർന്ന് മൂന്ന് വർഷത്തിനിടെ 22 ലക്ഷത്തോളം രൂപ സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്നത്. തുടക്കത്തിൽ കൃത്യമായി പലിശ ലഭിച്ചിരുന്നെങ്കിലും പിന്നീട് ഇത് മുടങ്ങുകയായിരുന്നു. പണം തിരികെ ലഭിക്കാനായി സൊസൈറ്റി മുൻ പ്രസിഡന്റും ഡി.സി.സി സെക്രട്ടറിയുമായ ടി.വി സുധീർകുമാറിനെയും മറ്റ് കോൺഗ്രസ് നേതാക്കളെയും ഇബ്രാഹിം ഹാജി സമീപിച്ചിരുന്നു. എന്നാൽ പണം തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് ഇബ്രാഹിം ഹാജി സുധീർ കുമാറിന്റെ വീടിന്റെ വരാന്തയിലെത്തി തീക്കൊളുത്തി ജീവനൊടുക്കുകയായിരുന്നു.


നിലവിൽ സാമ്പത്തിക തട്ടിപ്പിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുധീർ കുമാറിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താൻ കഴിയുമോ എന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. അതേസമയം, കുറ്റക്കാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന ആവശ്യവുമായി സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ കോൺഗ്രസിനെതിരെ ശക്തമായ രാഷ്ട്രീയ സമരത്തിനൊരുങ്ങുകയാണ് ഇരു പാർട്ടികളും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories