മലബാർ മേഖലയിൽ ഷിഗെല്ല രോഗബാധ പടരുന്നതിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരനും വയനാട്ടിൽ പുതുതായി ഏഴ് പേർക്കും കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
പയ്യോളി നഗരസഭയിലെ തച്ചൻകുന്ന് സ്വദേശിയായ മൂന്ന് വയസ്സുകാരനാണ് കോഴിക്കോട് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. കുട്ടി നിലവിൽ പൂർണ്ണമായും സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. ഇതോടെ കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.
വയനാട് ജില്ലയിൽ ഏഴ് പേർക്ക് കൂടി പുതുതായി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി. രോഗബാധിതരായ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെയും ബത്തേരി നഗരസഭയിലെയും സ്കൂളുകൾക്ക് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
മലിനമായ ജലം കുടിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതുമാണ് ഷിഗെല്ല പടരാൻ പ്രധാന കാരണം. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക തുടങ്ങിയ ശീലങ്ങൾ കർശനമായി പാലിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ യാതൊരു കാരണവശാലും സ്വയം ചികിത്സയ്ക്ക് മുതിരരുത്. എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തി ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.