മലപ്പുറം കൊണ്ടോട്ടിയിൽ റോഡിൽ മുട്ടിലിഴഞ്ഞു നീങ്ങിയ പിഞ്ചുകുഞ്ഞിന് രക്ഷകരായി മാറിയ സ്വകാര്യ ബസ് ജീവനക്കാർക്ക് അഭിനന്ദന പ്രവാഹം. കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിലാണ് നാടിനെ നടുക്കിയതും ഒപ്പം ജീവനക്കാരുടെ ജാഗ്രത വെളിപ്പെടുത്തിയതുമായ സംഭവം നടന്നത്. സമയബന്ധിതമായി ബസ് നിർത്തി കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ഡ്രൈവർ രാമചന്ദ്രൻ, കണ്ടക്ടർ നവാസ് എന്നിവരെ ഗതാഗത മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. മോട്ടോർ വാഹന വകുപ്പും ഇവരുടെ ഈ മാതൃകാപരമായ പ്രവർത്തനത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ബസിലെ ഡാഷ് ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. മഴ നനഞ്ഞ റോഡിലൂടെ ബസ് മുന്നോട്ട് പോകുമ്പോൾ അപ്രതീക്ഷിതമായാണ് ഒരു പിഞ്ചുകുഞ്ഞ് റോഡിന് നടുവിലേക്ക് മുട്ടിലിഴഞ്ഞ് വരുന്നത് ഡ്രൈവർ രാമചന്ദ്രന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഒട്ടും സമയം കളയാതെ അദ്ദേഹം ബസ് പെട്ടെന്ന് തന്നെ നിർത്തി.
ബസ് നിർത്തിയ ഉടൻ തന്നെ കണ്ടക്ടർ നവാസ് പുറത്തേക്കോടി കുഞ്ഞിനെ കൈകളിൽ കോരിയെടുക്കുകയായിരുന്നു. തുടർന്ന് സമീപത്തെ വീട്ടിലെത്തിച്ച് രക്ഷിതാക്കളെ ഏൽപ്പിച്ചതോടെയാണ് വലിയൊരു അപകടം ഒഴിവായത്.
അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക എന്നതാണ് ഡ്രൈവിംഗിൽ ഉടനീളം പാലിക്കേണ്ട മനോഭാവമെന്ന് ഈ സംഭവത്തെ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് ഓർമ്മിപ്പിച്ചു. കുഞ്ഞിനെ സുരക്ഷിതമായി രക്ഷിച്ച ബസ് ജീവനക്കാരുടെ ഈ സന്ദർഭോചിതമായ ഇടപെടലിനെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് പ്രശംസിക്കുന്നത്.