സ്വർണ്ണ ഖനിയിൽ നിന്ന് നേരിട്ട് സ്വർണ്ണക്കട്ടികൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശിയായ ഷാജിയാണ് കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിലായത്. വ്യാജമായി നിർമ്മിച്ച സ്വർണ്ണക്കട്ടികൾ ജ്വല്ലറികൾക്കും മറ്റും നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
വിദേശത്തെയോ മറ്റോ സ്വർണ്ണ ഖനികളിൽ നിന്ന് തനിക്ക് നേരിട്ട് കുറഞ്ഞ വിലയ്ക്ക് സ്വർണ്ണം ലഭിക്കുമെന്ന് ജ്വല്ലറി ഉടമകളെയും മറ്റും ഇയാൾ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വ്യാജമായി നിർമ്മിച്ച ലോഹക്കട്ടികൾ സ്വർണ്ണമാണെന്ന് ധരിപ്പിച്ച് നൽകി ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങുന്നതാണ് ഇയാളുടെ രീതി.
ഷാജിക്കെതിരെ നേരത്തെയും സമാനമായ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ സ്വർണ്ണ ഗണപതി വിഗ്രഹം ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയതിന് ഇയാൾക്കെതിരെ കേസുണ്ട്. തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.