Share this Article
News Malayalam 24x7
LDF സര്‍ക്കാരിൻ്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ ക്രമക്കേടെന്ന് CAG റിപ്പോര്‍ട്ട്
CAG Report Details Financial Management and Relief Fund Diversions in Kerala

സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയും ധനമാനേജ്മെന്റിൽ ഗുരുതരമായ പാളിച്ചകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സി.എ.ജി (CAG) റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുണ്ടായ ക്രമക്കേടുകളും ഓഫ് ബജറ്റ് കടമെടുപ്പുകളും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 262 കോടി രൂപ സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റവന്യൂ കമ്മി കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ തുക വകമാറ്റിയത്. കൂടാതെ, സംസ്ഥാനത്തിന്റെ തീർപ്പാക്കാത്ത ബാധ്യതകൾ മാത്രം 3,511 കോടി രൂപയായി ഉയർന്നതായും സി.എ.ജി കണ്ടെത്തുന്നു. സംസ്ഥാന സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 80 ശതമാനവും ശമ്പളത്തിനും പെൻഷനുമായാണ് ചിലവഴിക്കുന്നത്. കിഫ്ബിയും പെൻഷൻ കമ്പനിയും വഴിയുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ ബാധ്യതകൾ ക്രമാതീതമായി ഉയർത്തുന്നു.


സംസ്ഥാനത്തിന്റെ ഓഫ് ബജറ്റ് കടമെടുപ്പ് 39,000 കോടിയിലധികം രൂപയായി വർദ്ധിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അതേസമയം, സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തിൽ 42 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.


സംസ്ഥാനത്തിന്റെ റവന്യൂ വരവിൽ വെറും 0.30 ശതമാനം മാത്രമാണ് വളർച്ചയുണ്ടായിട്ടുള്ളത്. എന്നാൽ ചിലവുകൾ 8.97 ശതമാനമായി വർദ്ധിക്കുകയും ചെയ്തു. അതേസമയം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം 9.97 ശതമാനമായി ഉയർന്നിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത് പര്യാപ്തമല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സഭയിൽ വരും ദിവസങ്ങളിൽ സി.എ.ജി റിപ്പോർട്ട് വലിയ രാഷ്ട്രീയ ചർച്ചകൾക്കും ഭരണ-പ്രതിപക്ഷ വാദപ്രതിവാദങ്ങൾക്കും വഴിവെയ്ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories