Share this Article
News Malayalam 24x7
കോണ്‍ഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു
Mohsina Kidwai

കോൺഗ്രസിന്റെ തലമുതിർന്ന വനിതാ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മോഹ്‌സിന കിദ്വായ് (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് പുലർച്ചെ ഡൽഹിക്ക് സമീപമുള്ള നോയിഡയിലായിരുന്നു അന്ത്യം. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളിൽ നിർണ്ണായക വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള അവർ കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു.

ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിൽ 1932 ജനുവരി ഒന്നിനാണ് മോഹ്‌സിന കിദ്വായ് ജനിച്ചത്. മൂന്ന് തവണ ലോക്സഭാ അംഗമായും രണ്ട് തവണ രാജ്യസഭാ അംഗമായും അവർ പ്രവർത്തിച്ചു. എഐസിസി ജനറൽ സെക്രട്ടറി, കേന്ദ്ര നഗരവികസന മന്ത്രി തുടങ്ങിയ സ്ഥാനങ്ങളും അവർ വഹിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്കുയർന്ന അവർ ദീർഘകാലം എംഎൽഎയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് സംഘടനാ കാര്യങ്ങളിലും മോഹ്‌സിന കിദ്വായ് വലിയ സ്വാധീനം ചെലുത്തിയിരുന്നു. 2004-ൽ കെ. കരുണാകരനെ കോൺഗ്രസ് പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ അവർ വഹിച്ച പങ്കു നിർണ്ണായകമായിരുന്നു. കേരളത്തിന്റെ എഐസിസി ചുമതലയുണ്ടായിരുന്ന സമയത്ത് സംസ്ഥാനത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ അനുരഞ്ജനത്തിന്റെ പാത വെട്ടിത്തുറക്കാൻ അവർ ശ്രമിച്ചിരുന്നു.


അന്ത്യകർമ്മങ്ങൾ വരുംദിവസം നടക്കും. അവരുടെ നിര്യാണത്തിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് അവരുടെ വിയോഗമെന്ന് നേതാക്കൾ അനുസ്മരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories