ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിക്കുന്നതിനെ എതിർത്തവരുടെ എൻറോൾമെന്‍റ് നടത്തില്ലെന്ന് പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി ബാർ കൗൺസിൽ ഒഫ് ഇന്ത്യ (ബിസിഐ). കൗൺസിൽ യോഗം ചേർന്നാണ് തീരുമാനം പിൻവലിച്ചത്. ബിസിഐ ചെയർമാൻ മനൻ കുമാർ മിശ്രയാണ് ഹൈദരാബാദ് നാഷണൽ അക്കാഡമി ഒഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് ( എൻഎഎൽഎസ്എആർ) 2026 ബാച്ചിലെ ബിരുദ ധാരികളുടെ എൻറോൾമെന്‍റ് താത്കാലികമായി വിലക്കിയിരുന്നത്. ബിസിഐ നടപടിക്കെതിരേ വിമർശനം ശക്തമായിരുന്നു. സിജെപി ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ബിസിഐ നടപടിയിൽ നിന്ന് പിന്മാറിയത്.ബിരുദദാന ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരേ നിയമവിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് ബിസിഐ ചെയർമാൻ അക്കാഡമി വൈസ് ചാൻസലറോട് ആവശ്യപ്പെട്ടിരുന്നത്.
തൊഴിൽരഹിതർക്കെതിരേ ചീഫ് ജസ്റ്റിസ് നടത്തിയ വിവാദ പരാമർശത്തിന്‍റെ പശ്ചാത്തലത്തിലാണ് വിദ്യാർഥികൾ അദ്ദേഹത്തെ ക്ഷണിക്കുന്നതിൽ പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് പിന്തുണ തേടിയവരെയും ഏകോപിപ്പിച്ചവരെയും കണ്ടെത്താൻ ബിസിഐ ആവശ്യപ്പെട്ടിരുന്നു.