Share this Article
News Malayalam 24x7
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ ആസ്തിമൂല്യം തിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍
Government Initiates Process to Evaluate Assets of Devaswom Board Temples

ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യം തിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി. ക്ഷേത്രങ്ങളിലെ സ്വര്‍ണം, ഭൂമി ഉള്‍പ്പെടെയുള്ള മുഴുവന്‍ ആസ്തികളുടെയും മൂല്യമാണ് കണക്കാക്കുന്നത്. ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യത്തിനാണ് ഇതിന്റെ ചുമതല. ഓരോ ദേവസ്വം ബോര്‍ഡിന് കീഴിലുമുള്ള ക്ഷേത്രങ്ങളുടെ ആസ്തി സംബന്ധിച്ച വിശദമായ കണക്ക് ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. സ്വര്‍ണം, വെള്ളി ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍, ഭൂമി, കെട്ടിടങ്ങള്‍, മറ്റ് സ്ഥിര-ജംഗമ ആസ്തികള്‍ എന്നിവയുടെ നിലവിലെ മൂല്യം തിട്ടപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ദേവസ്വം ക്ഷേത്രങ്ങളുടെ ആകെ ആസ്തിമൂല്യം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് തീരുമാനം.

ശബരിമല സ്വര്‍ണക്കവർച്ചയുമായി ബന്ധപ്പെട്ട വിവാദവും ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണമൂല്യത്തില്‍ വ്യക്തതയില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. ക്ഷേത്രങ്ങളിലെ സ്വര്‍ണം ഉള്‍പ്പെടെയുള്ള ആസ്തികളുടെ കൃത്യമായ കണക്കും രേഖകളും ഉറപ്പാക്കുകയാണ് ലക്ഷ്യം. ആസ്തികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ദേവസ്വം സ്ഥാപനങ്ങളുടെ സ്വത്ത് സംബന്ധിച്ച കൂടുതല്‍ വ്യക്തമായ ചിത്രം സര്‍ക്കാരിന് ലഭിക്കും. ഭാവിയില്‍ ആസ്തി പരിപാലനത്തിനും സംരക്ഷണത്തിനും കൃത്യമായ രേഖകള്‍ തയ്യാറാക്കുന്നതിനും നടപടി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories