ബിഹാറിലെ മുസാഫർപൂർ ജില്ലയിലുള്ള സ്വകാര്യ ആശുപത്രിയിലുണ്ടായ വൻ തീപിടുത്തത്തിൽ പത്ത് രോഗികൾ വെന്തുമരിച്ചു. മുസാഫർപൂരിലെ പ്രസാദ് ആശുപത്രിയിലാണ് ഇന്ന് പുലർച്ചെയോടെ ദാരുണമായ സംഭവം ഉണ്ടായത്. തീപിടുത്തത്തിൽ ഇരുപതിലധികം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ഐ.സി.യുവിൽ നിന്ന് പുക ഉയരുന്നത് കണ്ട് രോഗികളും ജീവനക്കാരും ബഹളം വെക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും ദുരന്തനിവാരണ സേനയും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ആശുപത്രിയിൽ നിന്ന് ഇരുപതോളം പേരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചിട്ടുണ്ട്. പൊള്ളലേറ്റവരെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഐ.സി.യുവിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ