വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറ്റ സാധ്യത ഭയന്ന് മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എമാരെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാൻ നീക്കം. ബി.ജെ.പി മൂന്നാമതൊരു സ്ഥാനാർത്ഥിയെ കൂടി രംഗത്തിറക്കിയതോടെയാണ് കോൺഗ്രസ് ക്യാമ്പ് പ്രതിരോധത്തിലായത്.
എം.എൽ.എമാരെ സുരക്ഷിതമായി താമസിപ്പിക്കുന്നതിനായി കർണാടകയിലേക്ക് മാറ്റാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം.മധ്യപ്രദേശിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ കണക്കനുസരിച്ച് ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 58 വോട്ടുകൾ ആവശ്യമാണ്. നിയമസഭയിൽ 164 എം.എൽ.എമാരുള്ള ബി.ജെ.പിക്ക് രണ്ട് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ 116 വോട്ടുകൾ മതിയാകും. ഇതോടെ ബി.ജെ.പിയുടെ പക്കൽ 48 വോട്ടുകൾ ബാക്കിയുണ്ട്. എങ്കിലും മൂന്നാം സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ മറ്റ് പാർട്ടികളിൽ നിന്നുള്ള വോട്ടുകൾ കൂടി ബി.ജെ.പിക്ക് ആവശ്യമാണ്.
66 എം.എൽ.എമാരുള്ള കോൺഗ്രസിന്റെ ഏക സ്ഥാനാർത്ഥി മീനാക്ഷി നടരാജനാണ്. കോൺഗ്രസ് എം.എൽ.എമാരിൽ കണ്ണുവച്ചാണ് ബി.ജെ.പി മൂന്നാം സ്ഥാനാർത്ഥിയെ നിർത്തിയതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ മാസം 18-നാണ് നിർണ്ണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ദിവസം വരെ എം.എൽ.എമാരെ ബി.ജെ.പിയുടെ സ്വാധീനത്തിൽ നിന്ന് മാറ്റിനിർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.