തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാകുന്നു. ഇതിന്റെ ഭാഗമായി നാളെ ഡൽഹിയിൽ വിമത എം.പിമാരുടെ നിർണ്ണായക യോഗം നടക്കും. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ സുവേന്ദു അധികാരി നാളെ ഡൽഹിയിലെത്തി എം.പിമാരുമായി കൂടിക്കാഴ്ച നടത്തും.
ഡൽഹിയിലെ യോഗത്തിന് ശേഷം ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിമത എം.പിമാർ സ്പീക്കർക്ക് അപേക്ഷ നൽകിയേക്കും. കഴിഞ്ഞ ദിവസം വിമതപക്ഷം പുറത്തുവിട്ട കത്തിൽ 19 എം.പിമാർ ഒപ്പുവെച്ചിട്ടുണ്ട്. തങ്ങൾക്ക് 20 എം.പിമാരുടെ പിന്തുണയുണ്ടെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്.
തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന അവകാശവാദമാണ് വിമതർ ഉന്നയിക്കുന്നത്. എം.പിമാരുടെ ഈ നീക്കം തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെ വലിയ രീതിയിലുള്ള പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നാളത്തെ യോഗത്തിന് ശേഷം ലോക്‌സഭ സ്പീക്കറുടെ മുൻപാകെ അപേക്ഷ സമർപ്പിക്കുന്നതോടെ രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ.