ദുരിതാശ്വാസ ക്യാമ്പുകളിൽ പകരച്ചവ്യാധി ഭീഷണി നേരിടുന്നതിനായി ആരോഗ്യവകുപ്പ് എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ക്യാമ്പുകളിൽ ആവശ്യത്തിനുള്ള മരുന്നുകളുടെ സ്റ്റോക്ക് ലഭ്യമാണെന്നും യാതൊരുവിധ മരുന്ന് ക്ഷാമവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ക്യാമ്പുകളിലെ ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് ഇതുവരെ പരാതികളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പകരച്ചവ്യാധികൾ പടരാതിരിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങൾക്ക് ആരോഗ്യവകുപ്പ് നേരിട്ട് നേതൃത്വം നൽകുന്നുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മരുന്ന് കമ്പനികൾക്ക് നൽകാനുണ്ടായിരുന്ന കുടിശ്ശികകളിൽ ഭൂരിഭാഗവും സർക്കാർ കൊടുത്തുതീർത്തിട്ടുണ്ട്. കാരുണ്യ ഫാർമസികളിലെ മരുന്ന് ലഭ്യതയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിച്ച് വരുന്നതായും ആവശ്യമായ മരുന്നുകൾ തടസ്സമില്ലാതെ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.