Share this Article
News Malayalam 24x7
പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസ്; നാല് പ്രതികളുടെ ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു
Court Stays Sentence for Four Convicts in Assault Case

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എം. ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. ഓരോ പ്രതിയും 46,000 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗീതാനന്ദന്‍ അടക്കമുള്ളവര്‍ നല്‍കിയ അപ്പീലില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും. വിചാരണ കോടതിയുടെ വിധിയില്‍ ചില പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ സലാമിനെ ആക്രമിച്ച കേസില്‍ എം. ഗീതാനന്ദന്‍ അടക്കം നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നത്. കൂടാതെ, മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ കെ.വി. വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിചാരണ കോടതി ഉത്തരവിട്ടിരുന്നു. 2003 ഫെബ്രുവരി 19-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിനിടയില്‍ വന്‍ സംഘര്‍ഷമുണ്ടാകുകയും പോലീസ് ഉദ്യോഗസ്ഥനായ വിനോദ് കൊല്ലപ്പെടുകയും ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories