Share this Article
News Malayalam 24x7
തന്നെ പുറത്താക്കാൻ ബിജെപിക്കുള്ളിൽ ഗൂഢാലോചന;’തകർക്കാൻ ശ്രമിച്ചാൽ കൈ വെട്ടും’; ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി ജുവൽ ഓറം
വെബ് ടീം
1 hours 38 Minutes Ago
1 min read
JUAL ORAM

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് തന്നെ പുറത്താക്കാൻ ബിജെപിക്കുള്ളിൽ തന്നെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി മുതിർന്ന നേതാവും കേന്ദ്ര മന്ത്രിയുമായ ജുവൽ ഓറം. കേന്ദ്ര ഗോത്രവർഗ കാര്യ മന്ത്രി ജുവൽ ഓറമാണ് പാർട്ടിക്കെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.രാജ്യത്തെ പ്രമുഖ ഗോത്രവർഗ മുഖമായ ജുവൽ ഓറം ഒഡീഷയിലെ സുന്ദർഗഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ്.

തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചാൽ അവരുടെ കൈകൾ വെട്ടി ദൂരെയെറിയാൻ തനിക്ക് കരുത്തുണ്ടെന്നും ഓറം ഭീഷണി മുഴക്കി. മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിൽ ചേർന്ന ചില നേതാക്കളാണ് ഈ അപകീർത്തിപ്പെടുത്തൽ പ്രചാരണത്തിന് പിന്നിലെന്നും, മന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കിയാൽ അവർക്ക് അവസരം ലഭിക്കുമെന്നാണ് ഇക്കൂട്ടർ കരുതുന്നതെന്നും ഓറം ആരോപിച്ചു.പാർട്ടിക്കായി ചോരയും നീരും ഒഴുക്കിയ തന്റെ സ്ഥാനം ഇല്ലാതാക്കാനാണ് മറ്റ് പാർട്ടികളിൽ നിന്നെത്തിയ ഈ നേതാക്കൾ ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. ഈ വിഷയം ബിജെപിയുടെ ഒഡീഷ സംഘടനാ ജനറൽ സെക്രട്ടറി മാനസ് മൊഹന്തിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന തലത്തിൽ നീതി ലഭിച്ചില്ലെങ്കിൽ കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി നേരിട്ടുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന തന്റെ മുൻ നിലപാട് തിരുത്തിയ കേന്ദ്രമന്ത്രി, തനിക്കെതിരെ പ്രവർത്തിക്കുന്നവരെ രാഷ്ട്രീയമായി നേരിടുമെന്ന് വെല്ലുവിളിക്കുകയും തന്നെ തകർക്കാൻ നോക്കുന്നവരെ ഇല്ലാതാക്കുമെന്നും ഭീഷണി മുഴക്കി.

അതേ സമയം മുതിർന്ന നേതാവിന്റെ പ്രസ്താവനകളോട് ബിജെപി ഒഡീഷ ഘടകം ഇതുവരെ പ്രതികരിച്ചിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories