ആചാരവും ഐതിഹ്യവും ഇഴചേർന്നു നിൽക്കുന്ന പമ്പാനദിയുടെ ഓളപ്പരപ്പിൽ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന് നടക്കും. തിരുവോണം കഴിഞ്ഞെത്തുന്ന ഉത്രട്ടാതി ദിനത്തിൽ നടക്കുന്ന ജലമേളയിൽ 51 പള്ളിയോടങ്ങളാണ് ഇക്കുറി പമ്പയിൽ അണിനിരക്കുന്നത്. ഉച്ചയ്ക്ക് 1.30-ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ജലമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മുൻ ഉപരാഷ്ട്രപതി പങ്കെടുത്തതിനു ശേഷം 33 വർഷത്തെ ഇടവേള കഴിഞ്ഞാണ് മറ്റൊരു ഉപരാഷ്ട്രപതി ആറന്മുള ജലമേളയിൽ മുഖ്യാതിഥിയായി എത്തുന്നത്.
രാവിലെ 10 മണിയോടെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ മേൽശാന്തി കൈമാറുന്ന ദീപം സത്രക്കടവിലെ നിലവിളക്കിലേക്ക് പകരുന്നതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമാകും. തുടർന്ന് ജില്ലാ കളക്ടർ പതാക ഉയർത്തും. ഉച്ചയ്ക്ക് ഒന്നരയോടെ എത്തുന്ന ഉപരാഷ്ട്രപതി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മുത്തുകുടകളും വെഞ്ചാമരങ്ങളും ആടയാഭരണങ്ങളും ചാർത്തി, വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ തുഴച്ചിൽക്കാർ അണിനിരക്കുന്ന വർണ്ണാഭമായ ജലഘോഷയാത്ര സത്രക്കടവിൽ നിന്ന് ആരംഭിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് ആവേശകരമായ മത്സര വള്ളംകളി നടക്കുന്നത്.
ആകെ 52 കരകളിൽ റാന്നി പള്ളിയോടം ഒഴികെ ബാക്കി 51 കരകളിലെ പള്ളിയോടങ്ങളാണ് ഇക്കുറി ജലമേളയിൽ മാറ്റുരയ്ക്കുന്നത്. വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ഇവയെ എ ബാച്ചിൽ 33 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളുമായി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മത്സരഫലങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയാണ് ഇക്കുറി ഏർപ്പെടുത്തിയിട്ടുള്ളത്.
ഗവർണർ, ജനപ്രതിനിധികൾ, മന്ത്രിമാർ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് കോന്നി, ഇലന്തൂർ, പത്തനംതിട്ട, ആറന്മുള മേഖലകളിൽ കർശന പോലീസ് സുരക്ഷയും വിപുലമായ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.