Share this Article
News Malayalam 24x7
ഹോർമുസിൽ പോര് മുറുകുന്നു; ഇറാൻ്റെ അനുമതിയില്ലാതെ കപ്പലുകള്‍ കടത്തിവിടില്ലെന്ന് IRGC
Strait of Hormuz New

തങ്ങളുടെ മുൻകൂർ അനുമതിയില്ലാതെ ഒരു കപ്പലുകളെയും ഹോർമൂസ് കടലിടുക്കിലൂടെ കടത്തിവിടില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (IRGC) വ്യക്തമാക്കി. ഹോർമൂസ് തുറക്കാൻ ടെഹ്റാന് യാതൊരു ധൃതിയുമില്ലെന്നും കടലിടുക്ക് തൽക്കാലം അടഞ്ഞുതന്നെ കിടക്കുമെന്നും ഇറാന്റെ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി.

ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം അതിരൂക്ഷമായി തുടരുകയാണ്. ഹോർമൂസ് തുറമുഖ പാതയിലെ മൈനുകൾ നീക്കം ചെയ്തതായും ഗതാഗതത്തിന് സുരക്ഷിതമാണെന്നുമുള്ള മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടാണ് ഇറാൻ വീണ്ടും നിലപാട് കർക്കശമാക്കിയത്. അനുമതിയില്ലാതെ പ്രവേശിക്കുന്ന കപ്പലുകൾക്കെതിരെ മുൻപും ഇറാൻ സൈനിക നടപടികൾ സ്വീകരിച്ചിരുന്നു.

അതേസമയം, അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക-സൈനിക ഉപരോധങ്ങൾക്കെതിരെ ശക്തമായി പോരാടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് ഉപരോധങ്ങൾ നിയമവിരുദ്ധവും സാമ്പത്തിക ഭീകരതയുമാണെന്ന് ചൂണ്ടിക്കാട്ടി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. ഉപരോധം പിൻവലിക്കാൻ തയാറാകാത്ത പക്ഷം ഹോർമൂസ് കടലിടുക്കിലെ നിയന്ത്രണം കൂടുതൽ ശക്തമാക്കാനാണ് ഇറാന്റെ നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories