Share this Article
News Malayalam 24x7
ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് സമാപനം
Kerala Onam Week Celebrations Conclude Today

തലസ്ഥാന നഗരിയെ ഒരാഴ്ചയായി ഉത്സവലഹരിയിലാഴ്ത്തിയ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് കൊടിയിറങ്ങും. സമാപനം കുറിച്ചുകൊണ്ടുള്ള വിപുലമായ വർണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര വൈകിട്ട് 5 മണിക്ക് കവടിയാറിൽ നിന്ന് ആരംഭിക്കും.

കവടിയാർ മുതൽ കിഴക്കേകോട്ട വരെ നീളുന്ന ഘോഷയാത്ര വെള്ളയമ്പലം മാനവീയം വീഥിക്ക് സമീപം ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും. സമാപന ചടങ്ങിൽ ഗവർണർ, ജനപ്രതിനിധികൾ, മന്ത്രിമാർ, ചലച്ചിത്ര താരം ആസിഫ് അലി തുടങ്ങിയ പ്രമുഖർ മുഖ്യാതിഥികളായി പങ്കെടുക്കും.


വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കുന്ന 69-ഓളം ഫ്ലോട്ടുകളാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും വികസന മുന്നേറ്റങ്ങളും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് നിശ്ചലദൃശ്യങ്ങൾ.


കേരളത്തിന്റെ തനത് നാടൻ കലാരൂപങ്ങൾക്കൊപ്പം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസംഘങ്ങളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ കലാകാരന്മാരുടെ പ്രകടനങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. കവടിയാറിൽ നിന്ന് ആരംഭിച്ച് വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേകോട്ടയിലാണ് സമാപന ഘോഷയാത്ര എത്തിച്ചേരുക.

ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ 35-ഓളം വേദികളിലായി മുന്നൂറിലധികം കലാപരിപാടികളാണ് കഴിഞ്ഞ ഒരാഴ്ചയായി അരങ്ങേറിയത്. സമാപന ഘോഷയാത്ര വീക്ഷിക്കാൻ പതിനായിരങ്ങൾ നഗരത്തിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യം കണക്കിലെടുത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും കർശന ഗതാഗത നിയന്ത്രണങ്ങളുമാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories