Share this Article
News Malayalam 24x7
ഗൾഫ് രാജ്യങ്ങൾ അശാന്തം; ബഹ്റൈന് നെേരെ വീണ്ടും ആക്രമണം
Gulf War Escalates

ഇസ്രയേൽ-അമേരിക്ക സംയുക്ത നീക്കത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ തിരിച്ചടി കടുപ്പിച്ച് ഇറാൻ. ബഹ്റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് വിദേശ കപ്പലിന് തീപിടിച്ചു. അപകടത്തിൽ ഒരു ഏഷ്യൻ പൗരൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമേഷ്യൻ മേഖലയെ മുഴുവൻ സ്ഫോടനാത്മകമായ സാഹചര്യത്തിലേക്ക് തള്ളിവിട്ടുകൊണ്ടാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഇറാൻ ആക്രമണം തുടരുന്നത്.

യുഎഇയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ അതീവ ഗുരുതരമായി തുടരുകയാണ്. അബുദാബി വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുബായ്, കുവൈറ്റ് വിമാനത്താവളങ്ങൾക്ക് നേരെയും ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. എന്നാൽ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ വലിയൊരു ദുരന്തം ഒഴിവാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 165 ബാലിസ്റ്റിക് മിസൈലുകളും 541 ഡ്രോണുകളും തടുത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അബുദാബിയിലെയും ദുബായിലെയും സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്.


ഖത്തറിലും ഒമാനിലും ഇറാൻ നടത്തിയ ആക്രമണങ്ങൾ പ്രവാസി സമൂഹത്തിനിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചു. ഖത്തറിലെ ദോഹയിൽ മലയാളികൾ താമസിക്കുന്ന ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിലാണ് ഒരു മലയാളിക്ക് പരിക്കേറ്റത്. ഇതേത്തുടർന്ന് ദോഹയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചുപൂട്ടി. മധ്യ ഒമാനിലെ വാണിജ്യ തുറമുഖത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു പ്രവാസി തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചിരുന്ന ഒമാനെതിരെ പോലും ആക്രമണമുണ്ടായത് അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ജിസിസി (GCC) അംഗരാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു. പ്രകോപനം തുടർന്നാൽ കടുത്ത തിരിച്ചടി നൽകുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി. പ്രതിഷേധസൂചകമായി ഇറാനിലെ തങ്ങളുടെ എംബസി യുഎഇ അടച്ചുപൂട്ടി. ടെഹ്‌റാനിലെ മുഴുവൻ നയതന്ത്ര ഉദ്യോഗസ്ഥരെയും യുഎഇ തിരിച്ചുവിളിച്ചു. കുവൈറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തി.


ഗൾഫിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഫോണിൽ സംസാരിച്ചു. ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി, ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾക്ക് നന്ദി അറിയിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. യുദ്ധഭീതി പടരുന്നതോടെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികൾ വലിയ ആശങ്കയിലാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories