അബുദാബി: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ യുഎഇ പ്രതിരോധ സേന ആകാശത്തുവച്ച് തകർക്കുന്നതിനിടെ അതിന്റെ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിൽ കൊല്ലപ്പെട്ട 2 പേരിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പാക്കിസ്ഥാൻ സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ. ഇന്നു രാവിലെ അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിൽ നടന്ന സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. യുഎഇ, ജോർദാൻ സ്വദേശികളാണ് പരുക്കേറ്റ മറ്റ് രണ്ട് പേർ. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിസൈൽ പ്രതിരോധ സംവിധാനം മിസൈലിനെ വിജയകരമായി തടഞ്ഞെങ്കിലും ചിതറിത്തെറിച്ച ഭാഗങ്ങൾ ജനവാസ മേഖലയിൽ പതിക്കുകയായിരുന്നു. അപകടത്തിൽ നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.